International
കീവ്: യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി അമേരിക്കൻ പ്രസിഡന്‍റ ്ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ഉഗ്ര വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 22 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
റെയിൽവേ സ്റ്റേഷൻ, ഗോഡൗൺ, പെട്രോൾ പന്പ് മുതലായവ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രണം. കീവ് നഗത്തിന്‍റെ പല ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു.
ന്യൂയോർക്കിൽ യുഎൻ സമ്മേനത്തിനിടെയാണ് സെലൻസ്കി ട്രംപിനെ കണ്ടത്. റഷ്യയും യുക്രെയ്നും പരസ്പരം ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കുന്നത് അവസാനിപ്പിക്കാനുള്ള വെടിനിർത്തലിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം തടയാൻ അമേരിക്കൻ നിർമിത പേട്രിയൻ വ്യോമ പ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഇന്‍റർസെപ്റ്റർ മിസൈലുകൾ നല്കണമെന്ന് സെലൻസ്കി അഭ്യർഥിച്ചു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല ഫോൺ ദെർ ലെയ്‌നുമായും സെലൻസ്കി കൂടിക്കാഴ്ച നടത്തി.
റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്‌റോവും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും യുഎൻ സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കും ചർച്ച.
International
മോസ്കോ: റഷ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിനിടെ കനത്ത ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. മൂന്നു ദിവസം നീണ്ട വോട്ടെടുപ്പ് അവസാനിച്ച ഞായറാഴ്ച യുക്രെയ്ൻ സേന തൊടുത്ത ആയിരത്തിലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. ഇതിൽ 450 ഡ്രോണുകൾ തലസ്ഥാനമായ മോസ്കോയെയാണ് ലക്ഷ്യമിട്ടത്.
യുക്രെയ്ൻ നടത്തിയതിൽവച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമായിരുന്നു ഇതെന്നും തെരഞ്ഞെടുപ്പ് തടസപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും മോസ്കോ മേയർ സെർഗി സോബ്യാനിൽ പറഞ്ഞു.
മോസ്കോ മേഖലയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യാ അധിനിവേശ യുക്രെയ്ൻ പ്രദേശമായ ഖേർസണിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടക്കം മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു.
മോസ്കോയിലെ എണ്ണശുദ്ധീകരണ ശാലയിൻ വലിയ നാശനഷ്ടമുണ്ടായി. 21 നില കെട്ടിടത്തിനു തീപിടിച്ചതിനെത്തുടർന്ന് നാനൂറു പേരെ ഒഴിപ്പിച്ചു മാറ്റി.
ഇതിനിടെ, റഷ്യൻ പാർലമെന്‍റിന്‍റെ അധോസഭയായ ഡ്യൂമയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കാര്യമായ തടസങ്ങളുണ്ടായില്ല. ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിനു നേർക്ക് ശനിയാഴ്ച സൈബർ ആക്രമണം ഉണ്ടായതായി റഷ്യ അറിയിച്ചിരുന്നു. ആക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ പ്രതികരിച്ചു.
പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് റഷ്യ പാർട്ടി പാർലമെന്‍റിൽ ഭൂരിപക്ഷം നിലനിർത്തുമെന്നാണ് ഏല്ലാവരും പ്രതീക്ഷിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തെ എതിർക്കുന്ന സ്ഥാനാർഥികളെ വിലക്കിയിരുന്നു.
യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം റഷ്യയിലെ ആദ്യ പാർലമെന്‍റ് തെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പു വിജയം യുദ്ധത്തിനുള്ള ജനപിന്തുണയായി പുടിൻ ചിത്രീകരിച്ചേക്കും.
International
ലണ്ടൻ: സൈനികരെ അടക്കം ചെയ്ത സെമിത്തേരിയുടെ ഫോട്ടോകളും വീഡിയോകളും പകർത്തിയയാൾക്ക് റഷ്യൻ കോടതി 14 വർഷം തടവുശിക്ഷ വിധിച്ചു. നിക്കോളായ് ഷെർബാക്കോവ് എന്ന നാൽപ്പത്തെട്ടുകാരനാണ് ശിക്ഷയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
കടുത്ത രാജ്യദ്രോഹക്കുറ്റമാണ് ഇയാൾക്കെതിരേ തെളിഞ്ഞത്. മോസ്കോയ്ക്കു വടക്കുകിഴക്ക് യാരോസ്‌ലാവൽ നഗരത്തിലുള്ള സെമിത്തേരിയുടെ ദൃശ്യങ്ങൾ 2024 ഒക്‌ടോബർ മുതൽ ഇയാൾ രഹസ്യമായി പകർത്തിയിരുന്നു എന്നാണ് തെളിഞ്ഞത്.
2025 അവസാനത്തിൽ ഇയാൾക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി. യുക്രെയ്നിലെ രഹസ്യാന്വേഷണ ഏജൻസികൾക്കു കൈമാറാനാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് റഷ്യൻ അന്വേഷകർ കണ്ടെത്തി.
അതേസമയം ഈ ദൃശ്യങ്ങൾ യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗത്തിന് എങ്ങനെ സഹായകരമാകും എന്നതിൽ വിശദീകരണമില്ല.
റഷ്യയിൽ ഇത്തരം കേസുകൾ ആദ്യമല്ല. പട്ടാള സെമിത്തേരിയുടെ ദൃശ്യങ്ങൾ പകർത്തിയ വനിത ജൂണിൽ പിടിയിലായിരുന്നു.
International
മോസ്കോ: അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്‍റെ മരുമകൻ ജാരദ് കുഷ്നറും ശനി, ഞായർ ദിവസങ്ങളിൽ റഷ്യയും യുക്രെയ്നും സന്ദർശിക്കും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് സന്ദർശനമെന്നു സൂചനയുണ്ട്.
റഷ്യൻ മാധ്യമങ്ങളാണ് സന്ദർശനവിവരം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വിറ്റ്കോഫും കുഷ്നറും ജനുവരിയിൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയിരുന്നു. അന്ന് ഇരുവരും റഷ്യൻ പ്രസിഡന്‍റ് പുടിനുമായി നാലു മണിക്കൂർ ചർച്ച നടത്തിയിരുന്നു.
നാലര വർഷത്തിലെത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.
യുക്രെയ്ന്‍റെ കൂടുതൽ ഭൂമി വിട്ടുകിട്ടണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് പുടിനുള്ളത്. ഇത് അംഗീകരിക്കാൻ യുക്രെയ്ൻ തയാറല്ല.
അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും അവസാനമായി ചർച്ച നടത്തിയത് ഫെബ്രുവരിയിലായിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയത്.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇന്ത്യൻ പൗരനടക്കം 12 പേർ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പാർപ്പിട മേഖലകളും പശ്ചാത്തല സൗകര്യങ്ങളും നശിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കീവിലും ഇതിനോടു ചേർന്ന ബോറിസ്പിൽ നഗരത്തിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കീവിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതെന്നു സൂചനയുണ്ട്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, ഗ്ലൈഡ് ബോംബുകൾ എന്നിവ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. തുറമുഖ നഗരമായ ഒഡേസ, ഖേർസൺ, സാപ്പോറിഷ്യ, ഖാർകീവ്, ചെർണിഹീവ്, സുമി, നിപ്രോ പ്രദേശങ്ങളിലും റഷ്യൻ ആക്രമണമുണ്ടായി.
ജെറ്റ് എൻജിനുകൾ ഘടിപ്പിച്ച പുതിയതരം ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായി സെലൻസ്കി അറിയിച്ചു. വേഗത കൂടിയ ഇത്തരം ഡ്രോണുകൾ വെടിവച്ചിടുക ദുഷ്കരമാണ്.
യുക്രെയ്ന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ദുർബലമായ പശ്ചാത്തലത്തിൽ റഷ്യൻ ആക്രമണങ്ങളിൽ പതിവിലും കൂടുതൽ പേർ കൊല്ലപ്പെടുന്നുണ്ട്. മിത്ര രാജ്യങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്കണമെന്ന് യുക്രെയ്ൻ നേതൃത്വം അഭ്യർഥിച്ചു.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലെ ഒരു ഗോഡൗണിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. ഡ്രോൺ ആക്രമണത്തിനു പിന്നാലെ ഗോഡൗണിൽ തുടരത്തുടരെ സ്ഫോടനങ്ങളുണ്ടാവുകയായിരുന്നു. ഗോഡൗണിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നുവെന്നാണ് സൂചന.
വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഗോഡൗണിന്‍റെ പരിസരത്തുള്ള പാർപ്പിടസമുച്ചങ്ങളും വയോജന സംരക്ഷണ കേന്ദ്രവും തകർന്നു. 50 പാർപ്പിട സമുച്ചയങ്ങൾക്കു കേടുപാടുണ്ടായി എന്നാണ് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചത്. ഗോഡൗണിൽ ആയുധങ്ങൾ സംഭരിച്ചോ എന്നതിൽ അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ നാലു കുട്ടികൾ അടക്കം 42 പേർക്കു പരിക്കേറ്റു. നാനൂറോളം പേരെ ഒഴിപ്പിച്ചുമാറ്റി. ദുരന്ത നിവാരണത്തിനായി മുന്നൂറിലധികം പേരെ വിന്യസിച്ചു.
വീടുകൾക്കും പാർപ്പിടസമുച്ചയങ്ങൾക്കും സമീപം ആയുധങ്ങൾ സൂക്ഷിക്കരുതെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി പറഞ്ഞു. ഗോഡൗൺ അധികൃതർ വീഴ്ച വരുത്തിയോ എന്ന കാര്യം അന്വേഷിച്ചു കണ്ടെത്തും.
കീവിലെ ആയുധ സംഭരണ കേന്ദ്രം ആക്രമിച്ചുവെന്നാണ് റഷ്യ അറിയിച്ചത്.
യുക്രെയ്നിലെ ഒഡേസ, നിപ്രോപെട്രോവ്സ്ക്, സുമി, സാപ്പോറിഷ്യ മേഖലകളിലും റഷ്യൻ ആക്രമണമുണ്ടായി. ബോറിസ്പിൽ എന്ന സ്ഥലത്തെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
ഇതിനിടെ യുക്രെയ്ൻ സേന റഷ്യയിലും ഡ്രോൺ ആക്രമണം നടത്തി. ബെൽഗരോദ്, റോസ്തോവ് മേഖലകളിലായി രണ്ടു പേർ കൊല്ലപ്പെട്ടു. റഷ്യൻ ഓൺലൈൻ വ്യാപാരസ്ഥാപനമായ ഓസോണിന്‍റെ ഗോഡൗണും ആക്രമിക്കപ്പെട്ടു.
International
മോസ്കോ: കരിങ്കടലിൽ കപ്പൽ ഗതാഗതം തടസപ്പെടാതിരിക്കാൻ യുക്രെയ്നുമായി വെടിനിർത്തലുണ്ടാക്കാനുള്ള നിർദേശം റഷ്യ തള്ളി. യുക്രെയ്നു താത്കാലിക ആശ്വാസം ലഭിക്കുന്ന ഇത്തരം നടപടികൾക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാക്കറോവ വ്യക്തമാക്കി.
അടുത്തകാലത്ത് റഷ്യയും യുക്രെയ്നും കരിങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേർക്ക് ആക്രമണം വർധിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ റഷ്യയുടെയും യുക്രെയ്ന്‍റെയും ഇത്തരം നടപടികൾ അന്താരാഷ്‌ട്ര വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ കാരണമായി.
ഇതൊഴിവാക്കാൻ കരിങ്കടലിൽ വെടിനിർത്തലുണ്ടാക്കാമെന്ന നിർദേശം തുർക്കി മുന്നോട്ടുവച്ചതായി അവിടുത്തെ വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു. എന്നാൽ ഇത്തരം നിർദേശം ലഭിച്ചിട്ടില്ലെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സാക്കറോവ പ്രതികരിച്ചത്.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്ന യുക്രെയ്ന്‍റെ നടപടി ഭീകരാക്രമണം ആണെന്നും മരിയ ആരോപിച്ചു. അതേസയം റഷ്യൻ സേന വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചില്ല.
2022-23 കാലയളവിൽ തുർക്കിയുടെ മധ്യസ്ഥതിയൽ റഷ്യയും യുക്രെയ്നും കരിങ്കടലിൽ വെടിനിർത്തിയിരുന്നു.
Business
ന്യൂഡൽഹി: ജനുവരിയിൽ റഷ്യയിൽനിന്ന് അസംസ്കൃത എണ്ണയുടെ ഇറക്കുമതി പ്രതീക്ഷിക്കുന്നില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഇന്നലെ അറിയിച്ചു. ഈ നീക്കം ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെ വർഷങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചേക്കും.
റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതികൾക്ക് തീരുവ വീണ്ടും ഉയർത്തുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സിന്റെ നടത്തിപ്പുകാരും കഴിഞ്ഞ വർഷം റഷ്യൻ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരുമായ റിലയൻസിന്റെ പ്രസ്താവന വന്നത്.
കഴിഞ്ഞ മൂന്നാഴ്ചയായി റിലയൻസ് ഇൻഡസ്ട്രീസിന്റെ ജാംനഗറിലെ റിഫൈനറിയിൽ റഷ്യൻ എണ്ണയുടെ ചരക്കുകളൊന്നും എത്തിയിട്ടില്ല. കൂടാതെ, ജനുവരി മാസത്തിൽ റഷ്യൻ എണ്ണയുടെ വിതരണമൊന്നും കന്പനി പ്രതീക്ഷിക്കുന്നുമില്ല. എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
റഷ്യൻ അസംസ്കൃത എണ്ണയുമായി മൂന്നു കപ്പലുകൾ റിലൻസിന്റെ ജാംനഗറിലെ റിഫൈനറി ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് കഴിഞ്ഞയിടെ വന്ന മാധ്യമ റിപ്പോർട്ടിനെ തള്ളുന്നതാണ് പ്രസ്താവന.
2022ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് ഡിസ്കൗണ്ട് നിരക്കിൽ കടൽമാർഗം വരുന്ന അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരി ഇന്ത്യ മാറി. ഈ എണ്ണ വാങ്ങൽ പാശ്ചാത്യരാജ്യങ്ങളുടെ കടുത്ത എതിർപ്പിനു കാരണമായി. റഷ്യയുടെ എണ്ണ വരുമാനം യുദ്ധത്തിനായി വിനിയോഗിക്കുകയാണെന്ന് അവർ വാദിക്കുന്നത്. ഇതേത്തുടർന്ന് റഷ്യയുടെ ഉൗർജ മേഖലയ്ക്കുമേൽ ഉപരോധവും ഏർപ്പെടുത്തി.
ഇന്ത്യ വൻതോതിൽ റഷ്യൻ ഓയിൽ വാങ്ങുന്നതിനുള്ള ശിക്ഷയായി കഴിഞ്ഞ വർഷം ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനമായി വർധിപ്പിക്കുകയും ചെയ്തു. നിലവിൽ ഇരു രാജ്യങ്ങളും ഒരു വ്യാപാരകരാറിനുള്ള ചർച്ചയിലാണ്. എന്നാൽ, കടുത്ത തർക്കങ്ങൾ മൂലം കരാർ പ്രബല്യത്തിലെത്തിക്കാനാകുന്നില്ല.
യുഎസുമായി ഒരു വ്യാപാര കരാറിൽ ഏർപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയുടെ റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി പ്രതിദിനം ഒരു മില്യണ് ബാരലിലേക്ക് കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.
യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും കടുത്ത ഉപരോധത്തെത്തുടർന്ന് റഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഒഴുക്കിനെ മന്ദഗതിയിലാക്കി. കെപ്ലറിൽനിന്നുള്ള കണക്കുകൾ പ്രകാരം ഡിസംബറിൽ പ്രതിദിനം 12 ലക്ഷം ബാരലിലെത്തി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ജൂണിൽ ഇത് പ്രതിദിനം 20 ലക്ഷം ബാരലെന്ന ഉയർന്ന നിലയിലായിരുന്നു. ഇതിൽനിന്ന് 40 ശതമാനം കുറവാണുണ്ടായത്.
റിലയൻസ് വാങ്ങൽ നിർത്തിവച്ചതോടെ ജനുവരിയിൽ റഷ്യൻ എണ്ണയുടെ ഇന്ത്യയിലേക്കുള്ള വിതരണം റഷ്യയുടെ പിന്തുണയുള്ള നയാര എനർജി, പൊതുമേഖല റിഫൈനറികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നിവയിൽ ഒതുങ്ങാനാണ് സാധ്യതയെന്ന് റിപ്പോർട്ടുണ്ട്.
പ്രതിദിനം നാലു ലക്ഷം ബാരൽ ശുദ്ധീകരണശേഷിയുള്ള നയാര എനർജി ആയിരിക്കും ജനുവരിയിൽ റഷ്യൻ അസംസ്കൃത എണ്ണയുടെ പ്രധാന ഇന്ത്യൻ വാങ്ങലുകാർ. നയാരയിൽ റഷ്യൻ കന്പനിയായ റോസ്നെഫെറ്റിന് പങ്കാളിത്തമുണ്ട്.
International
കീവ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി റഷ്യയും അമേരിക്കയും പുതിയ പദ്ധതി തയാറാക്കിയതായി റിപ്പോർട്ട്. യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലുള്ള ഭൂമികൂടി റഷ്യക്കു വിട്ടുകൊടുക്കണമെന്ന നിർദേശം പദ്ധതിയിലുണ്ട്. യുക്രെയ്ൻ സേനയുടെ വലിപ്പം കുറയ്ക്കണമെന്നതാണ് മറ്റൊരു നിർദേശം.
പദ്ധതി ചർച്ച ചെയ്യാനായി അമേരിക്കൻ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളിന്റെ നേതൃത്വത്തിലുള്ള സൈനികസംഘം ബുധനാഴ്ച യുക്രെയ്നിലെത്തി. ഇന്നലെ യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയുമായി സംഘം ചർച്ച നടത്തി.
അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യയുടെ പ്രത്യേക പ്രതിനിധി കിറിൾ ദിമിത്രിയേവും ചേർന്നാണ് പദ്ധതി തയാറാക്കിയത്. അമേരിക്കയോ റഷ്യയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ദീർഘകാല സമാധാനത്തിന് ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറാകേണ്ടിവരുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സോഷ്യൽ മീഡിയയിൽ പറഞ്ഞു.
അമേരിക്കയും റഷ്യയും ചേർന്ന് പദ്ധതി തയാറാക്കിയതിൽ യൂറോപ്യൻ യൂണിയൻ എതിർപ്പ് പ്രകടിപ്പിച്ചു. ഏതു പദ്ധതിയും നടപ്പാകണമെങ്കിൽ യുക്രെയ്നെയും യൂറോപ്യൻ യൂണിയനെയും ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായാ കല്ലാസ് പറഞ്ഞു. റഷ്യയോട് അടിയറവു പറയാൻ യുക്രെയ്ൻ തയാറല്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷോൺ നോയൽ ബാരറ്റും പറഞ്ഞു.
യുദ്ധകാര്യങ്ങളും വെടിനിർത്തലും ചർച്ച ചെയ്യാനാണ് അമേരിക്കൻ സംഘം എത്തിയതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ വെളിപ്പെടുത്തി. നിലവിൽ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തുവച്ച് യുദ്ധം നിർത്താൻ തയാറാണെന്ന് പ്രസിഡന്‍റ് സെലൻസ്കി ട്രംപിനോട് സമ്മതിച്ചിട്ടുള്ളതാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.